Popular Post

നിഫ്റ്റി റിപ്പോർട്ട് നൽകുന്ന സൂചനയെന്ത്?
Stock Market

നിഫ്റ്റി റിപ്പോർട്ട് നൽകുന്ന സൂചനയെന്ത്?

മ്യൂച്വൽ ഫണ്ടിലെ പുതിയപ്രവണതകൾ.
Stock Market

മ്യൂച്വൽ ഫണ്ടിലെ പുതിയപ്രവണതകൾ.

ബഡ്ജറ്റ് ട്രാക്കിംഗിൽ മലയാളി സ്വീകരിക്കുന്ന പുതിയ വഴികൾ
Stock Market

ബഡ്ജറ്റ് ട്രാക്കിംഗിൽ മലയാളി സ്വീകരിക്കുന്ന പുതിയ വഴികൾ

മ്യൂച്വൽ ഫണ്ടിലെ പുതിയപ്രവണതകൾ.

മ്യൂച്വൽ ഫണ്ടിലെ പുതിയപ്രവണതകൾ.

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം നിർണ്ണായകമായ ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ ഇന്ത്യൻ വിപണി പിടിച്ചുനിൽക്കുന്നു. ഈയൊരു സാഹചര്യത്തിൽ, കേരളത്തിലെ റീട്ടെയിൽ നിക്ഷേപകരുടെ മാറുന്ന മനോഭാവത്തെ കുറിച്ചും വിപണിയുടെ ഭാവി സാധ്യതകളെ സംബന്ധിച്ചും പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഹിലിയോസ് മ്യൂച്വൽ ഫണ്ടിന്റെ നിക്ഷേപ തന്ത്രങ്ങളെയും പറ്റി കമ്പനിയുടെ ബിസിനസ് ഹെഡ് ദേവിപ്രസാദ് നായർ, ധനം ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിക്കുന്നു.

സ്ഥിരതയാർന്ന നിക്ഷേപ ശൈലി

മ്യൂച്വൽ ഫണ്ട് രംഗത്ത് ഹിലിയോസ് മ്യൂച്വൽ ഫണ്ടിനെ വേറിട്ടു നിർത്തുന്നത് അതിന്റെ ഘടനയാണ്. കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനികളിൽ (എ.എം.സി) ഫണ്ട് മാനേജർമാർ മാറുമ്പോൾ നിക്ഷേപ ശൈലിയിലും മാറ്റങ്ങൾ സംഭവിക്കാം. എന്നാൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാരുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഹിലിയോസിൽ നിക്ഷേപ തന്ത്രങ്ങൾ കൂടുതൽ സ്ഥിരതയുള്ളതാണ്. \'എലിമിനേഷൻ ഇൻവെസ്റ്റിംഗ്\' (Elimination Investing) എന്ന സവിശേഷമായ രീതിയാണ് കമ്പനി പിന്തുടരുന്നത്. മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ ഉപയോഗിച്ച് ദുർബലമായ ബിസിനസ്സുകളെ ഒഴിവാക്കി, ഗുണമേന്മയുള്ള ഓഹരികൾ മാത്രം തിരഞ്ഞെടുക്കുന്ന രീതിയാണിത് എന്ന് ദേവിപ്രസാദ് നായർ വ്യക്തമാക്കി.


കേരളത്തിലെ വിപണി സാധ്യതകൾ

പരമ്പരാഗതമായി സ്വർണ്ണത്തിലും ഭൂമിയിലും നിക്ഷേപിക്കാൻ താൽപ്പര്യപ്പെടുന്നവരാണ് മലയാളികൾ. എന്നാൽ ഈ പ്രവണതയിൽ മാറ്റം വരുന്നുണ്ടെന്ന് എ.എം.എഫ്.ഐ.യുടെ ഡാറ്റ വ്യക്തമാക്കുന്നു. നിലവിൽ കേരളത്തിൽ നിന്നുള്ള നിക്ഷേപകരുടെ മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തി മൂല്യം അഥവാ എ.യു.എം എന്നത് 1.06 ലക്ഷം കോടി രൂപയാണ്. ഇതിൽ 80,000 കോടി രൂപയും ഇക്വിറ്റി ഫണ്ടുകളിലാണുള്ളത്.


എന്നാൽ ഇന്ത്യയുടെ മ്യൂച്വൽ ഫണ്ട് എ.യു.എമ്മും രാജ്യത്തിന്റെ ജി.ഡി.പിയുമായുള്ള അനുപാതം 18 ശതമാനമാണ്. ഇത് ചൈന (26%), ദക്ഷിണാഫ്രിക്ക (47%) തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇനിയും മ്യൂച്വൽ ഫണ്ടുകൾക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തി ഹിലിയോസ് കേരളത്തിൽ ഡിസ്ട്രിബ്യൂഷൻ ശൃംഖല ശക്തമാക്കുകയാണ്. കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് പുറമെ തിരുവനന്തപുരത്തും ഉടൻ പ്രവർത്തനം ആരംഭിക്കും. 40 ഇൻഡിപെൻഡന്റ് ഫിനാൻഷ്യൽ അഡ്വൈസർമാരെ (IFA) ഇതിനോടകം സംസ്ഥാനത്ത് നിയോഗിച്ചു കഴിഞ്ഞു എന്നും ദേവിപ്രസാദ് വിശദീകരിച്ചു.

ഹിലിയോസ് മ്യൂച്വൽ ഫണ്ട്: കണക്കുകളിലൂടെ

നിലവിലെ ആകെ എ.യു.എം: 10,000 കോടി രൂപ (മ്യൂച്വൽ ഫണ്ടുകളുടെ മാത്രം); പി.എം.എസ്, എ.ഐ.എഫ് എന്നിവ കൂടി ഉൾപ്പെടുത്തിയാൽ ഹിലിയോസിന്റെ മൊത്തം എ.യു.എം 14,000 കോടി രൂപയാണ്.

എസ്.ഐ.പി ബുക്ക്: പ്രതിമാസം ഏകദേശം 100 കോടി രൂപ; ശരാശരി എസ്.ഐ.പി തുക 7,000 രൂപ.

നിലവിൽ പുറത്തിറക്കിയിട്ടുള്ള ഫണ്ടുകൾ: ഫ്ലെക്സി ക്യാപ്, മിഡ് ക്യാപ്, ലാർജ് ക്യാപ് തുടങ്ങി 6 പ്രധാന ഇക്വിറ്റി ഫണ്ടുകളും ഹൈബ്രിഡ്, ഫിക്സഡ് ഇൻകം ഫണ്ടുകളും ലഭ്യമാണ്.

വിപണിയിലെ വെല്ലുവിളികളും കാഴ്ചപ്പാടുകളും



എഫ്.ഐ.ഐ വിറ്റൊഴിക്കലും ആഭ്യന്തര കരുത്തും: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) തുടർച്ചയായി ഓഹരികൾ വിറ്റൊഴിയുന്നുണ്ടെങ്കിലും ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെയും (ഡി.ഐ.ഐ) റീട്ടെയിൽ നിക്ഷേപകരുടെയും പിന്തുണ ഇന്ത്യൻ വിപണിയെ താഴേക്ക് വീഴാതെ പിടിച്ചു നിർത്തുന്നു. രൂപയുടെ മൂല്യശോഷണവും ആഗോള തലത്തിലെ ലാഭമെടുപ്പുമാണ് വിദേശ നിക്ഷേപകരെ ഇവിടെ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകൾ ഇപ്പോഴും സുരക്ഷിതമാണെന്ന് ദേവിപ്രസാദ് നായർ പറഞ്ഞു.

ഐടി സെക്ടറിലെ കാഴ്ചപ്പാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സൃഷ്ടിക്കുന്ന ഡിസ്‌റപ്ഷനുകൾ ഇന്ത്യൻ ഐ.ടി കമ്പനികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്ന വിലയിരുത്തലിൽ, 2025 മാർച്ചിൽ തന്നെ ഹിലിയോസ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയിൽ നിന്നും ഐടി ഓഹരികളെ പൂർണ്ണമായി ഒഴിവാക്കിയിരുന്നതായും നിലവിൽ ഹിലിയോസിന്റെ ഒരു ഇക്വിറ്റി ഫണ്ടിലും ഐടി ഓഹരികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ദേവിപ്രസാദ് വിശദീകരിച്ചു.

ആ​ഗോള സംഘർഷങ്ങളുടെ സ്വാധീനം: പശ്ചിമേഷ്യയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുന്നുണ്ട്. യുദ്ധം ദീർഘകാലം തുടർന്നാൽ അത് കോർപ്പറേറ്റ് വരുമാനത്തെ (Earnings) ബാധിച്ചേക്കാമെങ്കിലും, ആഭ്യന്തര ഉപഭോഗത്തെ അടിസ്ഥാനമാക്കി വളരുന്ന ഇന്ത്യൻ വിപണിക്ക് വലിയ തോതിലുള്ള ആഘാതമുണ്ടാക്കില്ലെന്നാണ് കണക്കാക്കുന്നത് എന്ന് ദേവിപ്രസാദ് പറഞ്ഞു.

നിക്ഷേപ അച്ചടക്കം: ഓഹരി വിപണിയിൽ ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ സ്വാഭാവികമാണ്. എസ്.ഐ.പി വഴി നിക്ഷേപം നടത്തുന്നവർ വിപണിയിലെ ദിവസേനയുള്ള വ്യതിയാനങ്ങൾ ശ്രദ്ധിക്കാതെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ വിപണി എങ്ങോട്ട്?

ഇന്ത്യൻ ഓഹരി വിപണിയിൽ ചില മേഖലകളിൽ നേരത്തെ വാല്യൂവേഷൻ കൂടുതലായിരുന്നുവെങ്കിലും സമീപകാല തിരുത്തലിൽ അത് ന്യായീകരിക്കാവുന്ന നിലവാരത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. വിശാല വിപണിയിലെ നിക്ഷേപ സാധ്യതകൾ ഇപ്പോഴും സജീവമാണ്. പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം (Inflation-beating returns) നൽകാൻ ഇക്വിറ്റി നിക്ഷേപങ്ങൾക്ക് സാധിക്കുമെന്നത് ചരിത്രപരമായ വസ്തുതയാണ്. റീട്ടെയിൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളെ ഒരു \'ലെഗസി അസറ്റ്\' ആയി കാണുകയും പത്തു വർഷത്തിൽ കൂടുതൽ കാലയളവിലേക്ക് നിക്ഷേപം നിലനിർത്തുകയും ചെയ്താൽ കോമ്പൗണ്ടിംഗിന്റെ പൂർണ്ണ ഗുണഫലം ലഭ്യമാകും എന്നും ദേവിപ്രസാദ് നായർ പറഞ്ഞു.

വരും വർഷങ്ങളിൽ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള നിക്ഷേപ വളർച്ചയായിരിക്കും ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ഗതി നിർണ്ണയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form