Popular Post

വിപണി ചാഞ്ചാട്ടത്തിൽ
Stock Market

വിപണി ചാഞ്ചാട്ടത്തിൽ

നിക്ഷേപകർ വാറൻ ബഫറ്റിന്റെ വഴി തേടണോ?
Stock Market

നിക്ഷേപകർ വാറൻ ബഫറ്റിന്റെ വഴി തേടണോ?

സ്വർണ്ണത്തിന് മോദിയുടെ  റെഡ് സിഗ്നൽ
Stock Market

സ്വർണ്ണത്തിന് മോദിയുടെ റെഡ് സിഗ്നൽ

വിപണി ചാഞ്ചാട്ടത്തിൽ

വിപണി ചാഞ്ചാട്ടത്തിൽ

വിപണി ചാഞ്ചാട്ടത്തിലായി. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ മുഖ്യസൂചികകൾ താമസിയാതെ നഷ്‌ടത്തിലേക്കു മാറി. പിന്നീടു നേട്ടത്തിലേക്കു കയറി.

മുഖ്യ സൂചികകൾ ചാഞ്ചാടിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഓഹരികളും മുന്നേറ്റം തുടർന്നു.



ഓട്ടോ, ഐടി, മീഡിയ ഓഹരികൾ രാവിലെ താഴ്ന്നു. മെറ്റൽ ഓഹരികൾ നല്ല കുതിപ്പ് കാഴ്ചവച്ചു.

രാവിലെ സെൻസെക്സ് 74,134 -74,981 മേഖലയിൽ കയറിയിറങ്ങി. നിഫ്റ്റി 23,262 നും 23,504 നുമിടയിൽ നീങ്ങി.

സ്വർണത്തിനും വെള്ളിക്കും തീരുവ വർധിപ്പിച്ചത് ആഭരണ കമ്പനികളെ താഴ്‌ത്തി. ശരാശരി നാലു ശതമാനം ഇടിവാണു സ്വർണാഭരണ കമ്പനികൾക്ക് ഉണ്ടായത്. കല്യാൺ, പിഎൻ ഗാഡ്ഗിൽ, സെൻകോ തുടങ്ങിയവ താഴോട്ടു പോയി. സ്വർണവ്യാപാരത്തിൽ 10 ശതമാനം നഷ്‌ടം ഉണ്ടാകും എന്നാണു വ്യാപാര മേഖല കരുതുന്നത്. സ്വർണം, വെള്ളി ഇടിഎഫുകൾ അഞ്ചു ശതമാനത്തിലധികം ഉയർന്നു. വെള്ളിയുടെ വില കൂടിയതു ഹിന്ദുസ്ഥാൻ സിങ്കിൻ്റെ വില ആറു ശതമാനം ഉയരാൻ സഹായിച്ചു.


ലാഭം കുറവായ നാലാം പാദ റിസൽട്ടിനു ശേഷം ഡോ. റെഡ്ഡീസ് ലബോറട്ടറീസിനു മക്കാറീ വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില1800 രൂപയാക്കി.

മികച്ച നാലാം പാദ റിസൽട്ട് പ്രഖ്യാപിച്ച ബെർജർ പെയിൻ്റ്സിന് നൊമുറ 650 രൂപ ലക്ഷ്യവില പ്രഖ്യാപിച്ച് വാങ്ങൽ ശിപാർശ നൽകി. ഓഹരി എട്ടു ശതമാനം കുതിച്ചു.

ലാഭക്ഷമത കുറഞ്ഞ റിസൽട്ട് പ്രസിദ്ധീകരിച്ച ടാറ്റാ പവറിൻ്റെ ലക്ഷ്യവില നുവാമ 390 രൂപയാക്കി താഴ്‌ത്തി. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ലാഭം 70 ശതമാനം താഴ്ന്ന ടൊറൻ്റ് പവർ ഓഹരി അഞ്ചു ശതമാനം നഷ്ടത്തിലായി.


അൾട്രാടെക്കിൽ നിന്ന് ലാഭവീതമായി 3970 കോടി രൂപ കിട്ടാനിരിക്കുന്ന ഗ്രാസിമിന് ജെഫറിസ് 3440 രൂപയാക്കി ലക്ഷ്യവില ഉയർത്തി.

റിസൽട്ട് പ്രതീക്ഷയിലും മോശമായെങ്കിലും ഡിക്സൺ ടെക്നോളജിയുടെ ഓഹരി വാങ്ങാൻ മക്കാറീ ശിപാർശ ചെയ്തു. ലക്ഷ്യവില 15,000 രൂപയായി ഉയർത്തി. ഓഹരി നാലു ശതമാനം ഉയർന്നു.

4200-ൽ പരം കോടി രൂപയുടെ കരാർ ദക്ഷിണാഫ്രിക്കയിൽ നിന്നു ലഭിച്ചതിനെ തുടർന്നു ടെക്‌സ്മാക്കോ റെയിൽ ഓഹരി 12 ശതമാനം കുതിച്ചു.

രൂപ ഇന്നു രാവിലെ അൽപം ഉയർന്നു. ഡോളർ രണ്ടു പൈസ കുറഞ്ഞ് 95.61 രൂപയിൽ ഓപ്പൺ ചെയ്തു.  95.52 രൂപയിൽ എത്തിയശേഷം ഡോളർ 95.69 രൂപയിലേക്കു തിരിച്ചു കയറി. ഡോളർ താമസിയാതെ 96 ഡോളറിൽ എത്തുമെന്നാണു നിഗമനം.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4693 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയായി. സ്വർണത്തിന് ഇത്ര വലിയ ഏകദിന വിലവർധന മുൻപ് ഉണ്ടായിട്ടില്ല. സ്വർണത്തിൻ്റെ ഇറക്കുമതിച്ചുങ്കം 15 ശതമാനമായി കൂട്ടിയ സാഹചര്യത്തിലാണ് ഈ വർധന. നികുതിയിലെ വർധന മുഴുവൻ ഉപയോക്താക്കളിൽ നിന്നു വാങ്ങാനാണു വ്യാപാരികളുടെ തീരുമാനം. ഉൽപന്ന അവധിവ്യാപാര എക്സ്ചേഞ്ച് ആയ എംസിഎക്സിൽ സ്വർണത്തിനു രാവിലെ ആറു ശതമാനം വിലവർധിച്ചു. വെള്ളിവില ആറര ശതമാനം കൂടി.

ക്രൂഡ് ഓയിൽ വില രാവിലെ ഇടിവ് തുടരുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 106.42 ഡോളറിലും ഡബ്ള്യുടിഐ ഇനം 100.88 ഡോളറിലും എത്തി.

വിവരങ്ങൾ സമാഹരിച്ചത് dhanamonline  ൽ നിന്നും 
Article credits goes to dhanamonline 

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല


Comment Form