നേട്ടം വിപണിയിലെത്താൻ മടിക്കുന്ന വമ്പൻമാർക്ക്
.jpg)
വമ്പൻ കമ്പനികൾക്ക് വിപണിയിലെത്താൻ കൂടുതൽ സൗകര്യം ഒരുക്കി സെബി. ആവശ്യമായ നടപടികളിൽ മയം വരുത്തി കൊണ്ടാണ് സെബി പുതിയ തീരുമാനം കൈക്കൊള്ളുന്നത്. ആഭ്യന്തര വിപണിയിൽ ധാരാളം കമ്പനികളാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ഒരു കമ്പനി ഐപിഒയുമായി വരുമ്പോൾ കമ്പനിക്ക് ധനസമാഹരണം എന്ന ലക്ഷ്യമാണ് ഉണ്ടാകുന്നത്. എന്നാൽ ഒരു നിക്ഷേപനെ സംബന്ധിച്ച് നല്ല ഒരു ബിസിനസിനെ സ്വന്തമാക്കാൻ സാധിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വൻകിട കമ്പനികളുടെ ഐപിഒകൾക്ക് നല്ല പ്രതികരണം ലഭിക്കാറുണ്ട്. വിപണിയിൽ ആയിരകണക്കിന് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും നമുക്ക് പരിചിതമായ ധാരാളം വമ്പൻ ബിസിനസുകൾ ഇപ്പോഴും വിപണിയിലേക്ക് എത്തിയിട്ടില്ല.
പലപ്പോഴും കമ്പനികൾ പബ്ലിക് ആളുകളിലേക്ക് എത്തിപ്പെടാൻ മടിക്കുന്നതിനു പല കാരണങ്ങളാണ് ഉള്ളത്. അതിലൊരു കാരണമാണ് സെബിയുടെ ഭാഗത്തു നിന്നുള്ള കർശന നടപടികൾ. എന്നാൽ ഇപ്പോൾ മിനിമം പബ്ലിക് ഓഫർ അഥവാ എംപിഒ ആവശ്യകതയിലും, മിനിമം പബ്ലിക് ഷെയർ ഹോൾഡിങ് നിയമങ്ങളിലും സെബി അയവ് വരുത്തുകയാണ്. സെപ്റ്റംബർ 8 വരെ ഇപ്പോൾ തീരുമാനിച്ച പരിഷ്കാരങ്ങൾക്കുള്ള പൊതു നിർദേശം സ്വീകരിക്കും. കമ്പനികൾ പബ്ലിക്ക് ഷെയർ ഹോൾഡിങ്ങുമായി ബന്ധപ്പെട്ട ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. നിലവിലെ മാറ്റം ഇതിനു കൂടുതൽ സമയം നൽകും.
പുതിയ മാറ്റത്തിനു പിന്നിൽ
വൻകിട കമ്പനികൾ ഐപിഒയുമായി എത്തുന്നതിനു മുന്നോടിയായി വലിയൊരു ഭാഗം ഓഹരികൾ വിറ്റഴിക്കേണ്ടതായുണ്ട്. ഇത് വലിയ തുക സമാഹരണത്തിലേക്ക് കമ്പനികളെ നയിക്കും. സ്വാഭാവികമായും വിപണിയിൽ ഇത് ഉൾകൊള്ളാൻ അത്ര എളുപ്പമല്ല. ഓഹരി വിലയേയും ഇത് ബാധിക്കാറുണ്ട്. മാത്രമല്ല ഐപിഒയിൽ നില നിൽക്കുന്ന കർശന നടപടികൾ വൻകിട കമ്പനികളെ ഐപിഒയിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനു പരിഹാരമായി വിപണി മൂലധനത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തത സമീപനം നടത്തുന്നത് വഴി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും.
ഇതിന്റെ ഭാഗമായി മിനിമം പബ്ലിക് ഓഫർ ത്രെഷോൾഡ് കുറയ്ക്കാനാണ് സെബി തീരുമാനിച്ചിട്ടുള്ളത്. ഡ്രാഫ്റ്റിലുള്ള ഫ്രെയിം വർക്ക് പ്രകാരം 50,000 കോടി രൂപ മുതൽ ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഉള്ള കമ്പനികൾ ഏറ്റവും കുറഞ്ഞത് 1000 കോടി രൂപ സമാഹരിച്ചാൽ
മതിയാകും. ഒരു ലക്ഷം കോടി രൂപ മുതൽ 5 ലക്ഷം കോടി രൂപ മൂലധനമുള്ള കമ്പനികളാണ് എങ്കിൽ ഐപിഒയുടെ ഭാഗമായി കുറഞ്ഞത് 6250 കോടി രൂപ സമാഹരിച്ചാൽ മതിയാകും. ഇനി 5 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള കമ്പനികളാണ് എങ്കിൽ കുറഞ്ഞത് 15000 കോടി രൂപയാണ് സമാഹരിക്കേണ്ടത്. ചുരുങ്ങിയത് 1% ഓഹരികളാണ് ഇത്തരം കമ്പനികൾ വിൽക്കേണ്ടത്.
മാത്രമല്ല 25% മിനിമം പബ്ലിക് ഷയർ ഹോൾഡിങ് വേണമെന്നുള്ള നിബന്ധനയിലും ഇളവുണ്ടാകും. ലിസ്റ്റിംഗ് സമയത്ത് 15 ശതമാനത്തിനു താഴെയാണ് പബ്ലിക് ഷെയർ ഹോൾഡിങ് എങ്കിൽ 15% ആകുന്നതിനു അഞ്ചു വർഷം വരെ കാലാവധി നീട്ടി നൽകും. തുടർന്ന് 25% ആകുന്നതിനു 10 വർഷം വരെ കാലാവധിയും അനുവദിക്കും. മറിച്ച് ലിസ്റ്റിംഗ് സമയത്ത് പബ്ലിക്ക് ഷെയർ ഹോൾഡിങ് 15 ശതമാനത്തിനു മുകളിലാണ് എങ്കിൽ 25% ആക്കുന്നതിന് അഞ്ചു വർഷത്തെ സമയവും അനുവദിക്കും.മറ്റൊരു നിർണായക തീരുമാനവും കൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയിൽ 5000 കോടി രൂപയ്ക്ക് മുകളിൽ ധന സമാഹരണത്തിനെത്തുന്ന കമ്പനികളിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള വിഹിതം 35 ശതമാനത്തിൽ നിന്നും 25 ശതമാനമായി കുറയ്ക്കും. ഐപിഒയുമായി എത്തുന്ന പൊതുമേഖല കമ്പനികൾ ഉൾപ്പെടെയുള്ള വമ്പന്മാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form