ടാർഗെറ്റ് വില കുറച്ച് അനലിസ്റ്റുകൾ
.jpg)
പ്രമുഖ ബ്രോക്കറേജായ ജെപി മോർഗൻ ഡിഫെൻസ് ഓഹരിയായ മസഗോൺ ഡോക്കിന് റേറ്റിംഗ് കുറച്ചു. നിലവിലെ വിലയിൽ നിന്നും 10 ശതമാനത്തോളം ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലാണ് ബ്രോക്കറേജ് നടത്തുന്നത്. നിലവിൽ 2750 രൂപയ്ക്ക് മുകളിൽ തുടരുന്ന ഓഹരി 2468 രൂപയിലേക്ക് എത്തിയേക്കാം എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.
ബ്രോക്കറേജ് പറയുന്നത്
മാസഗോൺഡോക്ക് ഓഹരിയുടെ റിസ്ക് റിവാർഡ് റേഷ്യോ ഇപ്പോഴും അധികമായാണ് തുടരുന്നത് എന്ന് ജെ പി മോർഗൻ പറയുന്നു. അതായത് ഒരു ഓഹരിയിൽ പൊസിഷൻ എടുക്കുമ്പോൾ നമുക്ക് ലഭിച്ചേക്കാവുന്ന നേട്ടത്തിനേക്കാളും, ഉണ്ടാകാൻ പോകുന്ന നഷ്ടമാണ് കൂടുതൽ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മസഗോൺ ഓഹരികൾ അതിന്റെ സർവ കാല ഉയരത്തിൽ നിന്നും 27 ശതമാനത്തോളം ഇടിവ് രേഖപെടുത്തിയിട്ടുണ്ട്. എന്നിട്ടും ഓഹരിയുടെ റിസ്ക് റിവാർഡ് റേഷ്യോ കൂടി നിൽക്കുന്നു എന്നാണ് അനലിസ്റ്റുകൾ അനുമാനിക്കുന്നത്.
മറ്റൊരു കാരണം കമ്പനിയുടെ നിലവിലെ ബിസിനസ് അത്ര മികച്ചതായി തുടരുന്നില്ല എന്നതാണ്. മാർച്ച് പാദത്തിൽ ഉണ്ടായതിനേക്കാൾ ദുർബലമായ കണക്കുകളാണ് ജൂൺ പാദത്തിൽ കമ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രൊവിഷനുമായി ബന്ധപ്പെട്ട ചിലവ് ഉയർന്നതാണ് ഇത്തവണ കമ്പനിക്ക് തിരിച്ചടിയായത്. ഇതിനു പുറമെ മുൻപ് കമ്പനി ഗൈഡൻസിൽ പ്രഖ്യാപിച്ച പ്രധാനപ്പെട്ട പ്രോജെക്ടിൽ ഇപ്പോൾ പ്രതീക്ഷികാതെയുള്ള താമസം വന്നിട്ടുണ്ട്. ഒരു കമ്പനി ഒരു വർഷത്തേക്കുള്ള വളർച്ച അനുമാനങ്ങൾ പ്രഖ്യാപിക്കുന്നത് അവരുടെ പൈപ്പ് ലൈനിലുള്ള ഓർഡറുകളുടെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഈ ഓർഡറുകൾ പൂർത്തിയാകാൻ കാല താമസം നേരിട്ടാൽ അത് വരുമാനത്തിൽ പ്രതിഫലിക്കും. ഇവിടെ കമ്പനിയുടെയും കാര്യത്തിൽ ഇത്തരമൊരു കാല താമസം നേരിടുമ്പോൾ 2028 സാമ്പത്തിക വർഷം വരെയുള്ള വരുമാനത്തിലാണ് അത് ആഘാതം ഉണ്ടാക്കുക എന്ന് ബ്രോക്കറേജ് പറയുന്നു.
\'പ്രൊജക്റ്റ് 75 ഇന്ത്യ\' എന്ന പേരിലുള്ള സബ്മറൈൻ പ്രൊജക്റ്റ് കമ്പനിക്ക് നിർണായക പദ്ധതിയാണ്. എന്നാൽ ഇതിലും കൂടുതൽ പുരോഗതി കാണുന്നില്ല. ഈ കാരണങ്ങൾ ഓഹരിയുടെ വരും സെഷനുകളിലെ പ്രകടനത്തെ സ്വാധിനിക്കും. ജെ പി മോർഗൻ കൂടാതെ ഏഷ്യൻ മാർക്കറ്റ് സെക്യുരിറ്റീസ് ഓഹരിക്ക് ടാർഗറ്റ് വില കുറച്ചിട്ടുണ്ട്. ബ്രോക്കറേജ് ഓഹരി 2100 രൂപ വരെ ഇടിയും എന്നാണ് കരുതുന്നത്. എങ്കിലും ഓഹരിയിൽ കവറേജ് ഉള്ള 6 അനലിസ്റ്റുകളിൽ 4 അനലിസ്റ്റുകൾ ഓഹരിക്ക് ബൈ ശുപാർശ നൽകുന്നുണ്ട്. എന്നാൽ 2 അനലിസ്റ്റുകൾ സെൽ എന്ന ശുപാർശയാണ് നൽകുന്നത്.
ഓഹരി വിപണിയിൽ
ഓഹരി വിപണിയിൽ 2730 രൂപ നിലയിലാണ് ഇന്ന് ഓഹരി വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഓഹരിയിൽ ഇടിവാണ് തുടരുന്നത്. ജൂലൈ മാസത്തിൽ ഓഹരി 15 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലാണ് ഓഹരി സർവ കാല ഉയരം തൊട്ടത്. ഈ വർഷത്തെ ഇത് വരെയുള്ള പ്രകടനം വിലയിരുത്തിയാൽ 23 ശതമാനത്തിന്റെ പോസിറ്റീവ് റിട്ടേൺ നൽകിയതായി കാണാം.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form