ഈ വർഷം ഇറക്കുമതിയിൽ വൻ വർധന
പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇടപെടലുകൾ ഇന്ത്യയുടെ ഇന്ധന വ്യാപാരത്തെ ക്രമാനുഗതമായി ബാധിച്ച വർഷമായിരുന്നു 2025. പ്രധാനമായും 2 റഷ്യൻ എണ്ണക്കമ്പനികൾക്ക് യു.എസ് പ്രഖ്യാപിച്ച വിലക്ക് ഇവിടേക്കുള്ള ഇറക്കുമതി കുറയാൻ കാരണമായി. ഇതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി ഉയർന്നതായി റൂബിക്സ് ഡാറ്റ സയൻസസ് റിപ്പോർട്ട് പറയുന്നു.
2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതി, തൊട്ടു മുമ്പത്തെ വർഷത്തെ സമാന കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 17.8% ഇടിവാണ് നേരിട്ടത്. യു.എസ് റഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പുറമെ യൂറോപ്യൻ യൂണിയന്റെ ഉപരോധങ്ങളും ഇറക്കുമതി താഴാൻ കാരണങ്ങളായി.
ഇത്തരത്തിൽ വ്യാപാരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എണ്ണക്കമ്പനികൾക്കുണ്ടായ റെഗുലേറ്ററി റിസ്കുകൾ ഇറക്കുമതിയിലും പ്രതിഫലിച്ചതായി \'The Year That Tested Trade: How India Fared in 2025\' എന്ന റിപ്പോർട്ടിൽ പറയുന്നു.
റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനത്തിന് വിലക്കേർപ്പെടുത്തിയതോടെ വലിയ ഡിസ്കൗണ്ടിലാണ് ഇന്ത്യയിലേക്ക് റഷ്യൻ ക്രൂഡ് ഓയിലിന്റെ പ്രവാഹമുണ്ടായത്. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതേ സ്ട്രാറ്റജി ബുദ്ധിമുട്ടേറിയതായി മാറി.
2025 മധ്യത്തോടെയാണ് റഷ്യൻ ഇന്ധനവുമായി ബന്ധപ്പെട്ട സമ്മർദ്ദം വർധിച്ചതെന്ന് റൂബിക്സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റഷ്യൻ ക്രൂഡ് ഓയിലിന്റെ നിരക്കുകളുമായി ബന്ധപ്പെട്ട പരിധി യൂറോപ്യൻ യൂണിയൻ താഴ്ത്തി നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം റഷ്യൻ ഇന്ധന വ്യാപാരത്തിനെതിരെ യു.എസ് നടപടികൾ കർശനമാക്കിയതും ആഗോള ക്രൂഡ് വിപണിയിൽ അനുരണനങ്ങളുണ്ടാക്കി.
2025 ഒക്ടോബറിലാണ് റഷ്യയിലെ രണ്ട് ഭീമൻ ഓയിൽ കമ്പനികളായ റോസ്നെഫ്റ്റ് , ലൂക്കോയിൽ എന്നിവയ്ക്ക് യു.എസ് വിലക്ക് പ്രഖ്യാപിച്ചത്. 2025 നവംബർ 21 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഈ രണ്ട് കമ്പനികളും കൂടി ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന കയറ്റുമതിയുടെ ഏകദേശം 60% വിഹിതമാണ് വഹിച്ചിരുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഈ കമ്പനികൾ ഇന്ത്യയിലേക്ക് ആകെ 88 മില്യൺ ടൺ ക്രൂഡാണ് കയറ്റുമതി നടത്തിയത്
റഷ്യൻ ഇന്ധന പർച്ചേസിന് തടസ്സം നേരിട്ടതോടെ റെഗുലേറ്ററി സംബന്ധമായ തടസ്സങ്ങളില്ലാത്ത ഓയിൽ ഗ്രേഡുകളിലേക്ക് ഇന്ത്യ ചുവടു മാറ്റം നടത്തിയതാും റിപ്പോർട്ടിൽ പറയുന്നു. 2025 ജനുവരി-ഒക്ടോബർ കാലയളവിൽ യു.എസിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി 83.3%, യു.എ.യിൽ നിന്നുള്ള ഇന്ധന പർച്ചേസ് 8.7% എന്നിങ്ങനെ ഉയർച്ച നേടിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form