സംസ്ഥാനത്ത് ഒറ്റ ദിവസം 3 തവണ വില വർധന
കേരളത്തിലെ സ്വർണ്ണ വിലയിൽ വൻ വർധന. ഇന്ന് മൂന്ന് തവണകളിലായി പവന് 1,760 രൂപ ഉയർന്നു. ഇതോടെ പവൻ വില വീണ്ടും 1 ലക്ഷം രൂപ നിലവാരം മറികടന്നു. ആഗോള വിലയിലുണ്ടായ കുതിപ്പാണ് ഇവിടേയും പ്രതിഫലിച്ചത്
യു.എസിന്റെ വെനസ്വേല ആക്രമണത്തെ തുടർന്ന് \'തീ പിടിച്ച്\' ആഗോള സ്വർണ്ണ വില. ട്രോയ് ഔൺസിന് 100 ഡോളറുകളോളം ഉയർന്ന് 4,429 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ സ്വർണ്ണ വിലയിലും (Kerala Gold Price) വലിയ വർധനയാണുണ്ടായത്. ഇന്ന് 3 തവണയായി പവന് 1,760 രൂപയും, ഗ്രാമിന് 220 രൂപയുമാണ് വില ഉയർന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് 1,01,360 രൂപയും, ഗ്രാമിന് 12, 670 രൂപയുമാണ് നിരക്ക്
ഇപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ പവന് ഏകദേശം 1,12,000 രൂപയ്ക്ക് മുകളിൽ വില നൽകേണ്ടതാണ്. കുറഞ്ഞ പണിക്കൂലി കണക്കാക്കുമ്പോഴാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങളുടെ പണിക്കൂലിയിൽ ആനുപാതികമായ വർധനവുണ്ടാകുമെന്നതിനാൽ സ്വർണ്ണത്തിന്റെ നിരക്കിലും അത് പ്രതിഫലിക്കും. ജി.എസ്.ടി, ഹാൾ മാർക്കിങ് ചാർജ്ജ് എന്നിവ മുകളിൽ പറഞ്ഞ വിലയിൽ ഉൾപ്പെടുന്നു.
2025 ഡിസംബർ അവസാനത്തോടെ ആഗോള തലത്തിൽ ലാഭമെടുപ്പ് നടന്നതിനെ തുടർന്ന് സ്വർണ്ണ വില കുറഞ്ഞിരുന്നു. ഇതോടെ കേരളത്തിലെ സ്വർണ്ണ വില പവന് 1 ലക്ഷം രൂപയ്ക്ക് താഴെ എത്തുകയും ചെയ്തു. 2026 ജനുവരി 1ാം തിയ്യതി പവന് 99,040 രൂപയായിരുന്നു നിരക്ക്. ഇവിടെ നിന്ന് നാല് ദിവസങ്ങൾക്കിപ്പുറം പവന് 2,320 രൂപയും, ഗ്രാമിന് 290 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്
ആഗോള തലത്തിൽ നില നിൽക്കുന്ന യുദ്ധ സമാന സാഹചര്യങ്ങളും, വ്യാപാര യുദ്ധവുമെല്ലാം സ്വർണ്ണവിലയെ തീ പിടിപ്പിക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട നിക്ഷേപകരും, ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുമെല്ലാം സ്വർണ്ണം വാങ്ങിക്കൂട്ടുന്നുണ്ട്. ചൈനയിലെ വർധിക്കുന്ന ഡിമാൻഡും, യു.എസിലെ പണപ്പെരുപ്പക്കണക്കുകളും മഞ്ഞ ലോഹത്തിന്റെ ഡിമാൻഡ് അടുത്തിടെ വർധിക്കാൻ കാരണമായി.
വരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പക്കണക്കുകൾ സ്വർണ്ണ വിലയുടെ സമീപ കാല ട്രെൻഡിനെ സ്വാധീനിച്ചേക്കാം. ഗോൾഡ് ഇ.ടി.എഫുകളിലേക്ക് പണപ്രവാഹം തുടരുകയാണ്. ഡോളർ സൂചിക നിലവിൽ കരുത്തോടെ തിരിച്ചു കയറിയത് സ്വർണ്ണ വിലയിൽ വീണ്ടും വലിയ കുതിപ്പുണ്ടാകാതിരുന്നതിന് ഒരു പ്രധാന കാരണമാണ്
സ്വർണ്ണ വില വർധിച്ചതോടെ കേരളം അടക്കമുള്ള ഇടങ്ങളിലെ സ്വർണ്ണപ്പണയ വായ്പകളുടെ വോളിയത്തിലും വലിയ വർധനയാണുണ്ടായത്. ജ്വല്ലറികൾ നൽകുന്ന അഡ്വാൻസ് ബുക്കിങ് സ്കീമുകൾക്കും ഡിമാൻഡ് വർധിക്കുന്നു.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form