Manappuram Finance Q1 Results
.jpg)
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ട് മണപ്പുറം ഫിനാന്‍സ്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 75% ഇടിഞ്ഞ് 138 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 555 കോടി രൂപയായിരുന്നു. പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 9 ശതമാനം കുറഞ്ഞ് 2,262 കോടി രൂപയായി. അതേസമയം സ്വര്‍ണ്ണ വായ്പ വിഭാഗത്തിന്റെ വരുമാനം 10 ശതമാനം വര്‍ധിച്ച് 1,904 കോടി രൂപയായി. മൈക്രോ ഫിനാന്‍സ് വിഭാഗത്തിന്റെ വരുമാനത്തില്‍ 53 ശതമാനത്തിലധികം ഇടിവുണ്ടായി.
പാദത്തില്‍ സ്വര്‍ണ്ണ വായ്പകളില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള ലാഭം 538.79 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 618.83 കോടി രൂപയായിരുന്നു. മൈക്രോഫിനാന്‍സ് വിഭാഗത്തിന്റെ ആദ്യ പാദത്തിലെ നികുതിക്ക് മുമ്പുള്ള നഷ്ടം 437 കോടി രൂപയാണ്. 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 775 കോടി രൂപ ലാഭം രേഖപ്പെടുത്തിയ ഇടത്താണിത്.
അറ്റാദായത്തില്‍ കുത്തനെ ഇടിവുണ്ടായെങ്കിലും ഓഹരിയുടമകള്‍ക്ക് സ്ഥാപനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. ഓഹരിയൊന്നിന് 0.50 പൈസയാണ് ഡിവിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത ലാഭവിഹത്തിന്റെ റെക്കോഡ് തീയതി ഓഗസ്റ്റ് 14 ആണ്. അതായത് ഓഗസ്റ്റ് 14 ന് വ്യാപാരം അവസാനിക്കുമ്പോള്‍ കമ്പനിയുടെ ബുക്കില്‍ പേരുള്ള എല്ലാ നിക്ഷേപകര്‍ക്കും ആനുപാതികമായി ലാഭവിഹിതത്തിന് അര്‍ഹതയുണ്ടായിരിക്കും.
മാനേജിംഗ് ഡയറക്ടറായ വി പി നന്ദകുമാറിനെ ബോര്‍ഡ് ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 മുതല്‍ അദ്ദേഹം പുതിയ സ്ഥാനം കൂടി ഏറ്റെടുക്കും. ഓഗസ്റ്റ് 27 ന് വിരമിക്കുന്ന ശൈലേഷ് ജയന്തിലാല്‍ മേത്തയ്ക്ക് പകരമാണിത്. വിപണി സമയത്തിനു ശേഷമാണ് കമ്പനി പാദഫലങ്ങള്‍ പുറത്തുവിട്ടത്. അതിനാല്‍ തന്നെ ഇതിന്റെ പ്രതിഫലനം തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ പ്രകടമാകും. ഇന്ന് മണപ്പുറം ഓഹരികള്‍ 1.36% നഷ്ടത്തില്‍ 257.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.
മണപ്പുറം ഫിനാന്‍സ്: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 257.35 രൂപ
നിലവിലെ വിപണിമൂല്യം: 21,918 കോടി
52 വീക്ക് ഹൈ/ ലോ: 285 രൂപ/ 138 രൂപ
സ്‌റ്റോക്ക് പിഇ: 18.2
ബുക്ക്‌വാല്യൂ: 147 രൂപ
ഡിവിഡന്റ്: 1.35%
ആര്‍ഒസിഇ: 11%
ആര്‍ഒഇ: 10%
മുഖവില: 2 രൂപ
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.
Comment Form