സ്വര്‍ണവില കുറയുമെന്ന് പ്രതീക്ഷ; നിര്‍ണായക നീക്കവുമായി ട്രംപ്
അമേരിക്കയില്‍ കേന്ദ്ര ബാങ്കിൻ്റെ തലപ്പത്തേക്ക് കെവിൻ വാർഷിനെ നാമനിർദേശം ചെയ്ത് ട്രംപ്. യുഎസ് ഫെഡറല്‍ റിസർവ് എന്നറിയപ്പെടുന്ന സെൻട്രല്‍ ബാങ്കിൻ്റെ ചെയർമാനായാണ് നിയമനം.
മെയ് മാസത്തില്‍ നിലവിലെ ചെയർമാനായ ജെറോം പവല്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് കെവിൻ വാർഷ് ഈ സ്ഥാനത്ത് നിയമിതനാകും. പലിശ നിരക്ക് കുറയ്ക്കാത്തതുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ ശത്രുതയ്ക്ക് ഇരയായ ഉദ്യോഗസ്ഥനാണ് ജെറോം പവല്‍.
ആഗോള ഓഹരി വിപണികളുടെ ഇപ്പോഴത്തെ സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. ട്രംപിൻ്റെ രാഷ്ട്രീയ നയങ്ങളാണ് ഇതിന് പ്രധാന കാരണം. ഇറാൻ, കാനഡ, ഗ്രീൻലാൻഡ്, തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയാണ് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിപ്പിച്ചത്. പിന്നാലെ കൂട്ടമായി സ്വർണത്തിലേക്ക് നിക്ഷേപമെത്തിയത് സ്വർണവില ഉയരാൻ കാരണമായി. ഈ ഘട്ടത്തിലെല്ലാം അമേരിക്കൻ സെൻട്രല്‍ ബാങ്കിനോട് പലിശ നിരക്ക് കുറയ്ക്കാൻ ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ ജെറോം പവല്‍ അണുവിട അനങ്ങിയില്ല. ഒടുവില്‍ ജെറോം പവലിനെതിരെ ട്രംപ് കേസെടുപ്പിച്ചു. മന്ദബുദ്ധിയെന്നും വിഡ്ഢിയെന്നും പവലിനെ ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
പലിശ നിരക്ക് കുറച്ചെങ്കിലേ ഓഹരി വിപണി വീണ്ടും സജീവമാകൂ. എങ്കിലേ സ്വർണവില കുറയുകയുള്ളൂ. ഇതാണ് കെവിൻ വാർഷിൻ്റെ നിയമനത്തിൻ്റെ പ്രസക്തി. വിപണിയെ ദുർബലപ്പെടുത്താത്ത നിലയിലും വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിച്ചുകൊണ്ട് സാമ്പത്തിക പരിഷ്കരണം നടപ്പാക്കുന്നതില്‍ കെവിൻ വാർഷിന് ജയിക്കാനാവുമോയെന്നാണ് ഉറ്റുനോക്കുന്നത്. ആഗോള രാഷ്ട്രീയ പ്രതിസന്ധിക്കെല്ലാം പിന്നില്‍ നില്‍ക്കുന്ന ട്രംപിന്, ഓഹരി വിപണികളെ പിടിച്ചുനിർത്താൻ ഇനി ഫെഡറല്‍ റിസർവിനെ ഒപ്പം നിർത്തിയേ പറ്റൂ. ഈ നീക്കം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുമോയെന്നാണ് ഉറ്റുനോക്കുന്നത്.
വിവരങ്ങൾ സമാഹരിച്ചത് malayalam.economictimes.com ൽ നിന്നും
Article credits goes to malayalam.economictimes.com
Disclaimer അറിയിപ്പ് : മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും ഉത്തരവാദികളല്ല.




Comment Form