Popular Post

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു
Stock Market

ഇൻ്റെഗ്രിസ് മെഡ്ടെക്ക് വിപണിയിലെത്തുന്നു, ഡിആർഎച്ച്പി സമർപ്പിച്ചു

അറ്റാദായത്തിൽ നേട്ടം
Stock Market

അറ്റാദായത്തിൽ നേട്ടം

സ്വർണ കുതിപ്പിൽ കൂടെ ചേരാം!
Stock Market

സ്വർണ കുതിപ്പിൽ കൂടെ ചേരാം!

വിപണിയെ എപ്രകാരം ബാധിക്കും?

വിപണിയെ എപ്രകാരം ബാധിക്കും?

ആഗോള ബോണ്ട് വിപണിയില്‍ ദീര്‍ഘകാല ബോണ്ടുകളുടെ ആദായം തുടര്‍ച്ചയായി ഉയര്‍ന്നു നില്‍ക്കുകയാണ്. കഴിഞ്ഞാഴ്ച ചില പ്രമുഖ രാജ്യങ്ങളുടെ 30 വര്‍ഷം കാലാവധിയുള്ള ബോണ്ടുകളുടെ ആദായം 21 ാം നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ഇതില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് ബ്രിട്ടന്റെ ബോണ്ട് യീല്‍ഡാണ്. 5.5 ശതമാനം. തൊട്ടു പിന്നിലായി അമേരിക്കയുടെ 4.7 ശതമാനമുണ്ട്. ഫ്രാന്‍സിന്റേത് 4.3 ശതമാനമാണ് ജര്‍മ്മനിയുടേത് 3.3 ശതമാനവും ജപ്പാന്റേത് 3.2 ശതമാനവുമാണ്. ഇതിന് പ്രധാന കാരണം ദീര്‍ഘകാല ബോണ്ടുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതാണ് 


ബോണ്ടുകള്‍ക്കു പ്രിയം കുറയുമ്പോള്‍ വിപണിയില്‍ വില കുറയും. വില കുറയുമ്പോള്‍ ബോണ്ടുകളുടെ യീല്‍ഡ് വര്‍ധിയ്ക്കും. ഒരു സമ്പദ്ഘടനയോടുള്ള നിക്ഷേപകരുടെ തണുപ്പന്‍ പ്രതികരണത്തെയാണ് അത് കാണിക്കുന്നത്. ഇക്കാരണത്താല്‍ വികസിത രാജ്യങ്ങളുടേയും ഉയര്‍ന്നു വരുന്ന രാജ്യങ്ങളിലേയും വിപണികളിലെ നേട്ടം ഏറെക്കുറെ സമമായി വന്നേക്കാം. അപ്പോള്‍ വിദേശ നിക്ഷേപകരില്‍ വലിയൊരു ഭാഗം വികസിത രാജ്യങ്ങളിലെ വിപണികളിലേക്കു മടങ്ങിപ്പോകാനിടയുണ്ട്. കാരണം വികസിത രാജ്യങ്ങളുടെ വിപണികള്‍ നല്‍കുന്ന സുരക്ഷിതത്വം നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പ്രധാനമായും ദീര്‍ഘകാല നിക്ഷേകരുടെ കാര്യത്തില്‍.


ഇന്ത്യയുടെ 30 വര്‍ഷത്തെ കാലാവധിയുള്ള ദീര്‍ഘകാല ബോണ്ടിന്റെ യീല്‍ഡ് 7.2 ശതമാനത്തില്‍ സ്ഥിരമായി നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ ഇവയില്‍ നിന്നുള്ള നേട്ടം കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ 390 ബേസിസ് പോയിന്റില്‍ നിന്നും ( 3.9 ശതമാനം) 175 ബേസിസ് പോയിന്റായി (1.75 ശതമാനം) കുറയുകയാണുണ്ടായത്. വികസിത രാജ്യങ്ങളിലെ ബോണ്ട് യീല്‍ഡ് ഇത്തരത്തില്‍ സ്ഥിരമായി ഉയര്‍ന്നു നിന്നാല്‍ അത് ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നതാണ് ഒരു പ്രധാന ആശങ്ക. പൊതുവില്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ ഓഹരി വിപണിക്ക് അനുകൂലമല്ല. അതു പോലെ ലാഭകരമായ ദീര്‍ഘകാല ബോണ്ടുകള്‍ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ വിപണികളിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ബാധിക്കും. അമേരിക്ക ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളിലെ വിപണികള്‍ റിസ്‌ക് കുറഞ്ഞവയാണ്. അവ നല്‍കുന്ന നേട്ടവും ഇന്ത്യയുടെ വിപണികളില്‍ നിന്ന് ലഭിക്കുന്ന നേട്ടവും ഏറെക്കുറെ തുല്യമായി വന്നാല്‍ നിക്ഷേപകര്‍ വികസിത വിപണികളിലേക്കു മടങ്ങിപ്പേകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഉയര്‍ന്നു വരുന്ന വിപണികള്‍ അവരുടെ ദീര്‍ഘകാല പലിശ നിരക്കുകള്‍ ആകര്‍ഷകമാക്കി നില നിര്‍ത്താന്‍ പണിപ്പെടേണ്ടിവരും.

സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
80752 61549 (Whatsapp Only)

നാറ്റോ രാജ്യങ്ങളഉടെ ഉയര്‍ന്ന ചിലവഴിക്കല്‍ പദ്ധതി കാരണം യൂറോപ്യന്‍ ബോണ്ട് യീല്‍ഡ് ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത. പ്രതിരോധ മേഖലയിലെ ചിലവഴിക്കല്‍ ഉയര്‍ത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദമുണ്ട്. നാറ്റോ പ്രതിരോധ ബജറ്റിന്റെ മൂന്നില്‍ രണ്ടു ഭാഗവും അമേരിക്കയുടെ സംഭാവനയാണ്. ഈ സാഹചര്യം മാറണമെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ പണം ചിലവഴിക്കണമെന്നുമാണ് അമേരിക്ക ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഉയര്‍ന്ന പ്രതിരോധച്ചെലവിനു പുറമേ പണപ്പെരുപ്പത്തെപ്പറ്റിയുള്ള ആശങ്കകളും സാമ്പത്തിക വളര്‍ച്ചയിലെ കുറവും ഉയരുന്ന പൊതു കടവും താരിഫ് സംബന്ധിച്ച് അമേരിക്കയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളും യൂറോപ്യന്‍ ബോണ്ടുകളെ അനാകര്‍ഷകമാക്കുന്നു.


പണ നയം സംബന്ധിച്ചു വിലയിരുത്തിയാല്‍ ഫെഡിന്റെ നിരക്കുകള്‍ കുറച്ചു കാലമായി 4.5 ശതമാനത്തില്‍ തുടരുകയാണ്. ആ നിലയില്‍ നിന്ന് നിരക്കുകള്‍ ഒട്ടും താഴ്ത്താന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമാണ് യുഎസ് ഫെഡ്. ഫെഡിന്റെ പ്രധാന ആശങ്ക ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് നിരക്കുകള്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ എന്തു മാറ്റം കൊണ്ടുവരും എന്നതാണ്. പണപ്പെരുപ്പം കൈവിട്ടു പോയേക്കാമെന്ന ആശങ്ക ഇതില്‍ മുന്നിട്ടുനില്‍ക്കുന്നു.

അടുത്ത കാലത്തായി വിപണിയുടെ പ്രതീക്ഷകള്‍ക്കും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. ദുര്‍ബലമായ തൊഴില്‍ കണക്കുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് (ഫെഡ്) പലിശ നിരക്കുകള്‍ കുറച്ചേക്കാമെന്ന് അവര്‍ കണക്കു കൂട്ടുന്നു. ഇതിന്റെ പ്രതിഫലനം ആദ്യം ദൃശ്യമാകുന്നത് ഹ്രസ്വകാല നിക്ഷേപ ഉപകരണങ്ങളിലാണ്. അവയാണ് പലിശ നിരക്കുകളിലെ വ്യതിയാനത്തോട് സൂക്ഷ്മമായി പ്രതികരിക്കുന്നത്. അതിനാല്‍ ആര്‍ബിട്രേജിനുള്ള ഒരു അവസരമായി നിക്ഷേപകര്‍ ഹ്രസ്വകാല നിക്ഷേപ ഉപകരണങ്ങള്‍ വാങ്ങുകയും ദീര്‍ഘകാല നിക്ഷേപ ഉപകരണങ്ങള്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്. ഇതു കാരണം ഹ്രസ്വകാല നിക്ഷേപ ഉത്പന്നങ്ങള്‍ക്കു പ്രിയമേറിയിട്ടുണ്ട്.

പലിശ നിരക്ക് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഏറ്റവും നേട്ടമുണ്ടാക്കുന്നത് ഹ്രസ്വകാല ഉത്പന്നങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ അടിസ്ഥാനപരമായ കാരണങ്ങളേക്കാള്‍ ദീര്‍ഘകാല ബോണ്ട് യീല്‍ഡില്‍ വന്ന ഉയര്‍ച്ചയ്ക്കു കാരണം ഒരു പക്ഷേ ആര്‍ബിട്രേജ് ഇടപാടുകളുടെ വര്‍ധനവായിരിക്കാം. മധ്യകാലയളവില്‍ നോക്കുമ്പോള്‍ ദീര്‍ഘകാല ബോണ്ട് യീല്‍ഡില്‍ കുറവു വന്നേക്കാം. ഇതിനു കാരണം യുഎസ് ഫെഡിന്റെ നിരക്കു കുറയ്ക്കല്‍ ഈ സാമ്പത്തിക വര്‍ഷമോ അടുത്ത വര്‍ഷമോ സംഭവിച്ചേക്കാമെന്ന വിലയിരുത്തലാണ്. അമേരിക്ക പണ നയം കൂടുതല്‍ കര്‍ശനമാക്കിയത് ദീര്‍ഘകാല ബോണ്ടുകള്‍ അനാകര്‍ഷകമാക്കി. അതിനാല്‍ ദീര്‍ഘകാല ബോണ്ടുകള്‍ ആകര്‍ഷകമാക്കാന്‍ യുഎസ് ഫെഡ് പണ നയം കൂടുതല്‍ ഉദാരവല്‍ക്കരിക്കണം. എങ്കില്‍ മാത്രമേ ദീര്‍ഘകാല ബോണ്ടുകള്‍ക്ക് പ്രിയമേറുകയുള്ളു.

മറ്റൊരു ആശങ്ക ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ അമേരിക്കന്‍ സമ്പദ്ഘടനയില്‍ എന്തു മാറ്റം കൊണ്ടുവരും എന്നതാണ്. അമേരിക്കന്‍ ഉത്പന്നങ്ങളുടെ വില ഇപ്പോള്‍ തന്നെ ഉയരാന്‍ തുടങ്ങിയിരിക്കുന്നു എന്നു വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (CPI Inflation) ഓഗസ്റ്റില്‍ 3.1 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും ദുര്‍ബലമായ തൊഴില്‍ കണക്കുകളും വിലയിരുത്തി ഫെഡിന്  ഉചിതമായ തീരുമാനമെടുക്കേണ്ടി വരും. ഫെഡ് നിരക്കു കുറയ്ക്കുന്നതില്‍ വരുത്തുന്ന കാലതാമസം മൊത്തത്തിലുള്ള പലിശ നിരക്ക് ഉയര്‍ന്നു നില്‍ക്കുവാന്‍ കാരണമാകും. ഇത് ഹ്രസ്വ കാലത്തേക്കെങ്കിലും ആഗോള വിപണികളെ പ്രതികൂലമായി ബാധിച്ചേക്കാം. എന്നാല്‍ ഇന്ത്യന്‍ വിപണി ഇതിനെ പോസിറ്റീവായി തന്നെയാണ് വിലയിരുത്തുന്നത്.

വിവരങ്ങൾ സമാഹരിച്ചത് mathrubhumi.com ൽ നിന്നും 
Article credits goes to mathrubhumi.com

Disclaimer അറിയിപ്പ് :  മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഷെയർ വിലയിൽ മുമ്പ് ഉണ്ടായിട്ടുള്ള ഉയർച്ച ഭാവിയിൽ ഉണ്ടാകണം എന്നില്ല.സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഷെയർ മാർക്കറ്റ് ഇൻ മലയാളവും ലേഖകനും  ഉത്തരവാദികളല്ല.


Comment Form